വയനാട്: വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.വയനാട് കളക്‌ട്രേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. പൊലീസ് വലയം ഭേദിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിലേക്ക് തള്ളിക്കയറി. കളക്‌ട്രേറ്റിന്‍റെ മുന്‍വശത്തെ ഗേറ്റില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് നൂറോളം വരുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടാമത്തെ ഗേറ്റിലേക്ക് പാഞ്ഞെത്തിയത്. പ്രതീക്ഷിക്കാതെയെത്തിയ നീക്കമായിരുന്നതിനാല്‍ പോലീസിന് കുറച്ച് നേരത്തേക്ക് നിസഹായരായി നിൽക്കാനേ കഴിഞ്ഞുള്ളു.തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.പ്രവര്‍ത്തകര്‍ ഗേറ്റും മതിലും ചാടി കടന്ന് കളക്‌ട്രേറ്റിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കളക്‌ട്രേറ്റ് വളപ്പിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ വിവിധ ഓഫീസുകളിലേക്കും കയറി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് കളക്‌ട്രേറ്റിലേക്ക് ഓടിക്കയറിയത്. മതിയായ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വനിതാ പ്രവര്‍ത്തകരെ നിയന്ത്രിക്കാനായില്ല.കളക്‌ട്രേറ്റിനുള്ളിലെ രണ്ടാം നിലയിലേക്ക് കയറാനൊരുങ്ങിയ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്താണ് പോലീസ് പിന്തിരിപ്പിച്ചത്. ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിവീശി.