കൊച്ചി:ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന മൽസ്യത്തിലെ ഫോർമാലിൻ കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ നിന്നും മീൻ കൊണ്ടുവരുന്നത് നിർത്തിവെയ്ക്കുമെന്ന് വ്യാപാരികൾ അറിയിച്ചു. രാസവസ്തുക്കള്‍ കലര്‍ത്തിയ മീന്‍ വിൽക്കുകയില്ലെന്നും ഓപ്പറേഷന് സാഗര്‍റാണിയുമായി സഹകരിക്കുമെന്നും ഫിഷ് മര്‍ച്ചന്റ്സ് ആന്റ് കമ്മീഷന് ഏജന്റ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിഷം കലര്‍ത്തിയ മീന്‍ പിടികൂടിയ സാഹചര്യത്തില്‍ മത്സ്യ മേഖല പ്രതിസന്ധിയിലാണെന്ന് മത്സ്യ വ്യാപാരികൾ പറഞ്ഞു. ഫോര്‍മാലിന്‍, അമോണിയം എന്നിവ കലര്‍ത്തി കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യമാണ് വാളയാര്‍, ആര്യങ്കാവ് ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്. ഓപ്പറേഷന് സാഗര്‍റാണി ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആന്ധ്രയില്‍ നിന്നുളള മത്സ്യ ഇറക്കുമതി നിര്‍ത്തിവെക്കുമെന്ന് കോരള സ്റ്റേറ്റ് ഫിഷ് മര്‍ച്ചന്റ് ആന്റ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികള്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.