കൊല്ലം:പെൺകുട്ടിയെ ശല്യംചെയ്തെന്ന പേരിൽ ആളുമാറി അക്രമണത്തിനിരയായി പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ.കൊല്ലം ജില്ലാ ജയില്‍ വാർഡൻ വിനീതാണ് പിടിയിലായത്.കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. കഴിഞ്ഞ മാസം 16 നാണ് കേസിനാസ്പദമായ സംഭവം.അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കിയ ശേഷം തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റു. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.പരിക്കേറ്റ രഞ്ജിത്തിനെ കൊല്ലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്.സംഭവത്തിന് ശേഷം മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയില്‍ വാര്‍ഡനായ വിനീത് ഒളിവിൽ പോയിരിക്കുകയായിരുന്നു.താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും വളരെ ക്രൂരമായിട്ടാണ് രഞ്ജിത്തിനെ ഇവർ മര്‍ദ്ദിച്ചത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.