Kerala, News

വെടിയുണ്ടകൾ കാണാതായ സംഭവം;സിഎജി റിപ്പോര്‍ട്ടിലെ കണക്കുകള്‍ തള്ളി ക്രൈം ബ്രാഞ്ച്;കാണാതായത് 3636 വെടിയുണ്ടകള്‍

keralanews the incident of missing bullets crime branch rejected the cag report ony 3636 bullets are missing

തിരുവനന്തപുരം:സായുധ സേന ആസ്ഥാനത്തു നിന്നും വെടിയുണ്ടകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ടിലെ കണക്കുകള്‍ തള്ളി ക്രൈം ബ്രാഞ്ച്.12,061 വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജിയുടെ കണ്ടെത്തല്‍.എന്നാല്‍ 3636 വെടിയുണ്ടകള്‍ മാത്രമേ കാണാതായിട്ടുള്ളൂവെന്ന് ക്രൈംബ്രാഞ്ച് മേധാവി പറഞ്ഞു. എസ്‌എപി ക്യാമ്പിൽ നടത്തിയ പരിശോധനക്കു ശേഷമാണ് സിഎജി കണ്ടെത്തലിനെ ക്രൈംബ്രാഞ്ച് തളളിയത്.ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച്ച പരിശോധന നടത്തിയത്.മറ്റ് ബാറ്റാലിയനുകളിലേക്ക് വെടിയുണ്ടകള്‍ നല്‍കിയതായി രേഖകളുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാര്‍ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച്‌ 9-ലേക്ക് മാറ്റി. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ പരിഗണനയില്‍ ആണ്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ആണ് ഇത് സൂക്ഷ്മ പരിശോധന നടത്തേണ്ടത്. ഈ സാഹചര്യത്തില്‍ അന്വേഷണം എന്ന ആവശ്യത്തിന് നിയമസാധുത ഇല്ലെന്നും ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച്ച രാവിലെ 11 മുതല്‍ എസ്‌എപി ക്യാമ്പിൽ  നാല് ബാച്ചുകളായി തിരിഞ്ഞായിരുന്നു വെടിയുണ്ടകളുടെ പരിശോധന നടന്നത്.പൊലീസ് നാലിനം തോക്കുകളാണ് ഉപയോഗിക്കുന്നത്.അതില്‍ രണ്ടുലക്ഷം ഉണ്ടകള്‍ കൈവശമുണ്ട്.ഇവയാണ് തിങ്കളാഴ്ച്ച എണ്ണി തിട്ടപ്പെടുത്തിയത്. എ.കെ-47 തോക്കിലുപയോഗിക്കുന്ന 7.62 എം.എമ്മിന്റെ 1578 വെടിയുണ്ടകള്‍, സെല്‍ഫ് ലോഡിംഗ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന 7.62 എം.എമ്മിന്റെ 8398 വെടിയുണ്ടകള്‍, 259 ഒന്‍പത് എം.എം ഡ്രില്‍ കാട്രിജ് എന്നിവയുള്‍പ്പടെയാണ് കാണാതായതായി പറയുന്നത്. ഈയിനങ്ങളില്‍ സ്റ്റോക്ക് കൃത്യമായി തിട്ടപ്പെടുത്താനാണ് മുഴുവന്‍ വെടിയുണ്ടകളും എണ്ണിയത്. അതീവ പ്രഹരശേഷിയുള്ള 25 ഇന്‍സാസ് റൈഫിളുകള്‍ കാണാതായെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്താകെയുള്ള ഇന്‍സാസ് റൈഫിളുകളും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. റൈഫിളുകളൊന്നും നഷ്ടമായിട്ടില്ലെന്നാണ് കണ്ടെത്തിയത്.അതേസമയം നഷ്ടമായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ ഉണ്ടകളുണ്ടാക്കി പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിറച്ച കേസില്‍ എസ്.ഐ റെജി ബാലചന്ദ്രനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

Previous ArticleNext Article