കോട്ടയം:കാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോ തെറാപ്പിയ്ക്ക് വിധേയയായ യുവതിയ്ക്ക് കാന്‍സര്‍ ഇല്ലെന്ന് അന്തിമ റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ പതോളജി ലാബിലെ പരിശോധന ഫലം പുറത്ത് വന്നതോടെയാണ് യുവതിയ്ക്ക് കാന്‍സര്‍ ഇല്ലെന്ന് സ്ഥിരീകരിച്ചത്. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളില്‍ മെഡിക്കല്‍ കോളേജ് പതോളജി ലാബിലും, സ്വകാര്യ ലാബിലേക്കും നല്‍കി. ഒരാഴ്ചക്കുള്ളില്‍ കാന്‍സറുണ്ടെന്ന സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികിത്സ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിര്‍ദേശിക്കുകയും ചെയ്തു.ആദ്യ കീമോ തെറാപ്പിയ്ക്ക് ശേഷമാണ് കാന്‍സര്‍ ഇല്ലെന്ന് പതോളജി ലാബില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് വീഴ്ച്ച ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ തിരുവനന്തപുരം ആര്‍സിസിയിലും പതോളജി ലാബിലും വീണ്ടും പരിശോധന നടത്തി.ക്യാന്‍സര്‍ ഇല്ലെന്ന് അന്തിമ റിപ്പോര്‍ട്ട് ലഭിച്ചതോടെ ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് രജനി.