Kerala, News

സംസ്ഥാനത്തെ ജയിലുകളിൽ നിന്നും കഞ്ചാവും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത സംഭവം;ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം

keralanews the incident of ganja and mobile phones seized from prisons in the state mass transfer to employees

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വന്‍തോതില്‍ പിടിച്ചെടുത്ത സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം.തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ മേഖലകളില്‍ വാര്‍ഡര്‍, ഹെഡ് വാര്‍ഡര്‍ തസ്തികയിലുള്ള നൂറോളം പേരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സ്ഥലംമാറ്റ കാരണം ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം 15 പേരെ സ്ഥലംമാറ്റി. ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ റാങ്കിലുള്ളവരെയാണ് ഉത്തര മേഖലയിലെ വിവിധ ജയിലുകളിലേക്ക് സ്ഥലം മാറ്റിയത്.ഋഷിരാജ് സിങ് ജയില്‍ ഡിജിപിയായി ചുമതലയേറ്റതിനു ശേഷം കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാത്രം 49 മൊബൈല്‍ ഫോണും 10 പൊതി കഞ്ചാവുമാണു പിടിച്ചെടുത്തത്. അതിനിടുത്ത ദിവസങ്ങളില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഉണ്ടായ ജയില്‍ ചാട്ടം, പീരുമേട് സബ് ജയിലിലെ മര്‍ദനം, റെയ്ഡ് എന്നിവ കൂടി കണക്കിലെടുത്താണ് അഴിച്ചു പണി എന്നാണു വിവരം.ജയിലുകളില്‍ നിലവിലുണ്ടായിരുന്ന വര്‍ക്കിങ് അറേഞ്ച്‌മെന്റ് സംവിധാനവും നിര്‍ത്തലാക്കി. വര്‍ക്കിങ് അറേഞ്ച്‌മെന്റ് എന്ന പേരില്‍ മേലുദ്യോഗസ്ഥരുടെ ഓഫിസുകളില്‍ ജോലി ചെയ്യാതെ കഴിഞ്ഞ ഉദ്യോഗസ്ഥരെ മാതൃ യൂനിറ്റുകളിലേക്കു തിരിച്ചയച്ചു.

Previous ArticleNext Article