കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും കണ്ടെടുത്തത് മാവോയിസ്റ്റ് ലഘുലേഖകള്‍ തന്നെന്ന് പോലീസ്.ഈ സാഹചര്യത്തില്‍ ഇവർക്കുമേൽ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്നും ഉത്തര മേഖല ഐ.ജി അശോക് യാദവ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പിന്‍വലിക്കില്ലെന്നു വ്യക്തമാക്കി ഐ.ജി രംഗത്തെത്തിയിരിക്കുന്നത്.ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വിശദീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുമായി സൗഹൃദമുണ്ടെന്നതിന്റെ പേരില്‍ യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമ ബിരുദ വിദ്യാര്‍ഥിയായ അലന്‍ എസ്.എഫ്.ഐ അംഗമാണ്. താഹ സി.പി.എം പ്രവര്‍ത്തകനും.