കൊച്ചി: കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ ഡി.ആര്‍.ടി ഓഫീസിന് മുന്നില്‍ സമരം ചെയ്‌ത കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയേയും അവര്‍ക്കൊപ്പം പ്രതിഷേധിച്ചവരേയും അറസ്‌റ്റ് ചെയ്‌തു. ജപ്‌തി തടസപ്പെടുത്തിയതിന്റെ പേരില്‍ 12 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന രാപ്പകല്‍ സമരത്തിന് പ്രീത ഷാജിയും സമരസമിതിയും ആഹ്വാനം ചെയ്‌തിരുന്നു. ഇതിനായി പനമ്ബള്ളി നഗറിലെ ഡെപ്‌റ്റ് റിക്കവറി ട്രൈബ്യൂണലില്‍ എത്തിയപ്പോഴാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.പ്രീത ഷാജിയുടെ വീടിന്റെ ജപ്‌തി നടപടികള്‍ തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇത് വെള്ളരിക്കാപ്പട്ടണം അല്ലെന്ന് നിരീക്ഷിച്ച കോടതി, ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഓര്‍മിപ്പിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ മൂന്ന് ആഴ്‌ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ ജപ്‌തി നടപടിയുമായി സഹകരിക്കില്ലെന്നായിരുന്നു പ്രീതയുടെയും കുടുംബത്തിന്റെയും നിലപാട്. സുഹൃത്തിന്റെ ബാങ്ക് വായ്‌പയ്‌ക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് കൊച്ചിയിലെ ഇടപ്പള്ളി മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്‌തി ചെയ്യാന്‍ തീരുമാനിച്ചത്.