ആലക്കോട്:ഇനിയൊരുത്തരവുണ്ടാകുന്നത് വരെ പരപ്പ-ആളുമ്പുമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.കനത്ത മഴയെ തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള മണ്ണിടിച്ചിൽ,ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.ഇതോടെ ക്വാറിക്കെതിരെ പ്രദേശവാസികൾ ദീർഘകാലമായി നടത്തി വന്നിരുന്ന പ്രക്ഷോഭം അവസാനിപ്പിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്ക് സാധ്യതയുള്ള ദുരന്ത മേഖലയായ റെഡ് സോണിലാണ് ക്വാറി പ്രവർത്തിച്ചു വന്നിരുന്നത്.2016 ഇൽ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയെ റെഡ് സോണായി പ്രഖ്യാപിച്ചത്.ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.ഇത് കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. അന്ന് ദുരന്തനിവാരണ അതോറിറ്റിയോടും സംസ്ഥാന സർക്കാരിനോടും ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.