കൊച്ചി: തലശ്ശേരി എംഎല്‍എ എന്‍ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി.സര്‍വ്വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലെ നിയമനം റാങ്ക് പട്ടിക മറികടന്നാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. പട്ടികയില്‍ ഒന്നാം റാങ്കി സ്വന്തമാക്കിയ ഡോ. എം പി ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസറായിട്ടായിരുന്നു സഹല ഷംസീറിന്റെ നിയമനം.അഭിമുഖത്തില്‍ ഒന്നാം റാങ്കുകാരിയായ ഉദ്യോഗാര്‍ഥിയെ മറികടന്നായിരുന്നു രണ്ടാം റാങ്കുകാരിയായ ഇവര്‍ക്ക് നിയമനം നല്‍കിയത്. സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം ലഭിച്ച എംഎല്‍എുടെ ഭാര്യ അഭിമുഖത്തില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇതിനെതിരെയാണ് ഒന്നാം റാങ്ക് നേടിയ ഡോ.എംപി.ബിന്ദു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അസിസ്റ്റന്റ് പ്രൊഫസറായി എംഎല്‍എയുടെ ഭാര്യയെ നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഒന്നാം റാങ്കുകാരിയെ മറികടന്ന രണ്ടാം റാങ്കുകാരിക്ക് എങ്ങനെ നിയമനം നല്‍കിയെന്നും വിജ്ഞാപനവും റാങ്കു പട്ടികയും മറികടന്ന് എന്തടിസ്ഥാനത്തിലാണ് നിയമനമെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.അതേസമയം സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നാണു സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍, പൊതുനിയമനത്തിനു വേണ്ടിയാണു സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനാണു സര്‍വകലാശാല ജൂണ്‍ എട്ടിനു വിജ്ഞാപനമിറക്കിയത്. 14നായിരുന്നു അഭിമുഖം. അഭിമുഖത്തില്‍ ഷംസീറിന്റെ ഭാര്യയ്ക്കു രണ്ടാം റാങ്കാണു ലഭിച്ചത്. ഇതോടെയാണു കരാര്‍ നിയമനത്തിനു സംവരണം നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒബിസി സംവരണത്തില്‍ എംഎല്‍എയുടെ ഭാര്യയ്ക്കു നിയമനം നല്‍കുകയായിരുന്നു.ഈ പഠനവകുപ്പില്‍ അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിൽ ആയതിനാൽ തൊട്ടടുത്ത നിയമനം സംവരണവിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു സര്‍വകലാശാല ഇന്നലെ പുറത്തിറക്കിയ വിശദീകരണം. എന്നാല്‍, സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എട്ടിനുതന്നെ നടന്ന മറ്റൊരു അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിക്കു നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്.