കൊച്ചി: നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിൽ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.പനി പൂര്‍ണമായി മാറി വിദ്യാർത്ഥി പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തലച്ചോറിനെ നേരിയതോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ഥിക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്.പൂനെ വൈറോളജി ലാബിലെ ഫലം അനുസരിച്ച് രക്തം, മൂത്രം, തൊണ്ടയിലെ സ്രവം എന്നിവയില്‍ മൂത്രത്തില്‍ മാത്രമാണ് നിപ വൈറസ് ബാധയുള്ളതെന്ന് കണ്ടെത്തിയിരുന്നു.കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയായിരുന്നു യുവാവിനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. നിപയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.അതേസമയം, നിപ രോഗിയുമായി സമ്പർക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശിയായ ഒരാളെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.ഈ രോഗിയുടേതടക്കം തിങ്കളാഴ്ച അഞ്ച് സാംപിളുകള്‍ പരിശോധനക്ക് ശേഖരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, ഇടുക്കി ജില്ല ആശുപത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാംപിളും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ രണ്ടാംഘട്ട പരിശോധനക്ക് ശേഖരിച്ച സാംപിളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.