കൊച്ചി:തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏഴുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം 90% നിലച്ച കുട്ടി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൂന്നംഗ ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. മരുന്നുകളോട് കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെങ്കിലും നിലവിലുള്ള ചികിത്സാ തുടരാനാണ് മെഡിക്കല്‍ സംഘം നല്കിയ നിര്‍ദ്ദേശം.
അതേസമയം മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതിനൽകി.കഴിഞ്ഞ മേയിലാണ് കുട്ടിയുടെ അച്ഛൻ ബിജു മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. ബിജുവിന്റെ മൂത്തമകനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിന് ബിജുവിന്റെ മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി ബിജുവിന്റെ അച്ഛന് ബാബു പറഞ്ഞു.പത്തു വര്‍ഷം മുന്‍പാണ് ബിജു വിവാഹിതനായത്. സി-ഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം. വിവാഹത്തിന് അരുണ്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനു ശേഷം അരുണ്‍ കല്ലാട്ടുമുക്കിലെ വീട്ടില്‍ വന്നത് ബിജു മരിച്ചതിന് ശേഷമാണ്. എന്നാല്‍ പിന്നീടുള്ള ഇയാളുടെ വരവ് ബന്ധുക്കളില്‍ സംശയം ഉയര്‍ത്തിയിരുന്നു.ഇതിനു ശേഷമാണ് ഇയാൾ കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിക്കുന്നത്.