Kerala, News

പഴശ്ശി കോവിലകം സർക്കാർ ഏറ്റെടുക്കും

keralanews the govt will take over the pazhassi kovilakam

മട്ടന്നൂർ:കേരള വർമ പഴശി രാജയുടെ പിൻതലമുറക്കാർ താമസിച്ചിരുന്ന പഴശി പടിഞ്ഞാറെ കോവിലകം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് സർക്കാർ ഏറ്റെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിലകവും അനുബന്ധ സ്ഥലവും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും മട്ടന്നൂർ നഗരസഭ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.കോവിലകത്തിനോടുചേർന്നുള്ള ശിവ, വിഷ്ണു ക്ഷേത്രങ്ങൾ ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സണ്‍ ദേവസ്വം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.കോവിലകം പൊളിച്ചുവിൽക്കാൻ ഉടമകൾ തീരുമാനിച്ചതോടെയാണ് കോവിലകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ നഗരസഭയും നാട്ടുകാരും രംഗത്തെത്തിയത്. ചരിത്രസ്മാരകമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കമ്മിറ്റി രൂപീകരിക്കുകയും സർക്കാരിൽ നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വിശദമായ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ ഇരിട്ടി തഹസിൽദാരോട് സർക്കാർ നിർദേശിച്ചത്. സ്ഥലത്തിന്‍റെയും കോവിലകത്തിന്‍റെയും വില ഉൾപ്പെടെ കണക്കാക്കിയുള്ള റിപ്പോർട്ട് തയാറാക്കിയാണ് ജില്ലാ കളക്ടർ മുഖേന സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. കോവിലകം ഏറ്റെടുക്കാൻ നാലു കോടിയോളം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിവരം.യോഗത്തിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു, വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, നഗരസഭ മുൻ ചെയർമാൻ കെ. ഭാസ്കരൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. റോജ, ഷാഹിന സത്യൻ, കൗണ്‍സിലർ വി.കെ. സുഗതൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, പഴശി രാജകുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous ArticleNext Article