Kerala, News

ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികൾക്കും നൽകിയ അനുമതി സർക്കാർ റദ്ദാക്കി

keralanews the government has canceled the license granted for breweries and distillery

തിരുവനന്തപുരം: മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയ വിവാദ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. നിലവിലെ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടിയെന്നും ഭാവിയില്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കില്ല എന്ന് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനുമതി റദ്ദാക്കിയെങ്കിലും ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. എക്സൈസ് വകുപ്പ് എല്ലാ ചട്ടങ്ങളും പരിശോധിച്ച്‌ തന്നെയാണ് അനുമതി നല്‍കിയിരുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. എന്നാല്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ സമയത്ത് എല്ലാവരും ഒരുമിച്ച്‌ നില്‍ക്കേണ്ട സാഹചര്യം കൂടി പരിഗണിച്ച്‌ നടപടിയില്‍ നിന്നും പിന്മാറുകയാണെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെല്ലാം മുഖ്യന്ത്രി തള്ളി.ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത് മദ്യം സംസ്ഥാനത്ത് ഒഴുക്കുക എന്ന ലക്ഷ്യത്തോടെയല്ല. സംസ്ഥാനത്തിന് ആവശ്യമായ മദ്യം ഇവിടെ തന്നെ ഉത്പാദിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിയത് വിവാദങ്ങള്‍ ഒഴിവാക്കാനാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പൊതുവായ ആവശ്യങ്ങള്‍ക്ക് ഒരുമിച്ച്‌ നില്‍ക്കാന്‍ വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ച മാത്രമാണ് ഇതെന്നും ബ്രൂവറി അനുമതിക്കുള്ള നടപടിക്രമങ്ങളില്‍ പിശകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഉത്തരവുകളില്‍ വിവാദങ്ങള്‍ വന്നാല്‍ റദ്ദാക്കും. ബ്രൂവറി, ഡിസ്റ്റിലറി ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരാമുണ്ട്. ഉത്തരവ് റദ്ദാക്കിയത് വകുപ്പിന്‍റെ മാത്രം തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.

Previous ArticleNext Article