തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ആവശ്യത്തിന് ജീവനക്കാരെയും ഡോക്റ്റർമാരും നിയമിക്കാതെ ആശുപത്രികളിലെ ഓ.പി സമയം ദീർഘിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. സമരം സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും രോഗികളെ വലച്ചു.പലയിടത്തും രോഗികളും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. പണിമുടക്കുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാറും നടപടിയെടുത്താൽ നേരിടുമെന്ന് കെജിഎംഒഎയും മുന്നറിയിപ്പ് നൽകി.അതേസമയം സമരത്തെ ശക്തമായി നേരിടുമെന്ന് സർക്കാർ വ്യക്തമാക്കി.മുന്‍കൂട്ടി അവധിയെടുക്കാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നത് അനധികൃതമായ അവധിയായി കണക്കാക്കി ആ ദിവസത്തെ ശമ്പളം നല്‍കില്ലെന്നാണ് സർക്കാർ മുന്നറിയിപ്പ്. പണിമുടക്കിനെ തുടർന്ന് ആരോഗ്യ വകുപ്പ് ബദൽ മാർഗങ്ങൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഒ പികളുടെ പ്രവർത്തനം സ്തംഭിച്ച നിലയിലാണ്.എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന നിലപാടിലാണ് കെജിഎംഒഎ.ഈ മാസം 18 മുതല്‍ കിടത്തി ചികിത്സ നിര്‍ത്തുമെന്നുമെന്നും സംഘടനാനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.