കണ്ണൂർ:പ്രളയ ശേഷം മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി കടലിൽ മാലിന്യ ശേഖരം. മത്സ്യത്തിന്റെ ലഭ്യതയും കുത്തനെ കുറഞ്ഞു.മാലിന്യം കുടുങ്ങി വല ഉപയോഗ ശൂന്യമാകുന്നത് മീൻപിടുത്തക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്.ട്രോളിങ് നിരോധനവും പേമാരിയും കഴിഞ്ഞപ്പോൾ മാലിന്യം ഒരു വില്ലനായി എത്തിയിരിക്കുകയാണ്.ഓഖി ദുരന്തത്തിന് ശേഷവും സമാനമായ രീതിയിൽ സംഭവിച്ചിരുന്നു.തോടുകളിൽ നിന്നും പുഴകളിൽ നിന്നും മറ്റുമുള്ള മാലിന്യങ്ങൾ പ്രളയത്തെ തുടർന്ന് കടലിലേക്ക് വൻതോതിൽ ഒഴുകി എത്തുകയായിരുന്നു. പ്ലാസ്റ്റിക്കാണ് കൂട്ടത്തിലേറെയും.പരമ്പരാഗത രീതിൽ മൽസ്യബന്ധനം നടത്തുന്ന മുഴപ്പിലങ്ങാട്ടെ മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടലിൽ നിന്നും ലഭിക്കുന്നത് മാലിന്യങ്ങളാണ്.മുൻപ് നാലുകൊട്ട മീൻ ലഭിക്കുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് മൂന്നു കൊട്ട മീനും ഒരുകോട്ട മാലിന്യങ്ങളുമാണെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു.വലിയ വള്ളങ്ങളെ അപേക്ഷിച്ച് ചെറിയ വള്ളങ്ങളിൽ പോകുന്നവരുടെ വലകളിലാണ് മാലിന്യങ്ങൾ കൂടുതലായും കുടുങ്ങുന്നത്.അതേസമയം ആഴക്കടലിലും മത്സ്യത്തിന്റെ ലഭ്യത വളരെ കുറവാണെന്ന് മൽസ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു.