India, News

രോഷം അണയാതെ ജനങ്ങൾ;ഉന്നാവില്‍ ബലാല്‍സംഗക്കേസിലെ പ്രതികള്‍ തീ കൊളുത്തി കൊന്ന യുവതിയുടെ സംസ്‌കാരം ഇന്ന്

keralanews the funeral of unnao rape victim to be held today

ഉത്തർപ്രദേശ്:ഉന്നാവ് ബലാല്‍സംഗക്കേസിലെ പ്രതികള്‍ തീ കൊളുത്തി കൊന്ന 23 കാരിയുടെ സംസ്‌കാരചടങ്ങുകള്‍ രാവിലെ 10 മണിയോടെ ഭാട്ടന്‍ ഖേഡായിലെ വീട്ടില്‍ നടക്കും.ഇന്നലെ രാത്രി 9 മണിയോടെ യുവതിയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു.ജില്ലാ മജിസ്ട്രേറ്റ് ദേവീന്ദര്‍ കുമാര്‍ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാല്‍സംഗകേസിലെ പ്രതികളുള്‍പ്പെട്ട അഞ്ച് അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്ന യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11.40 നാണ് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരണത്തിനു കിഴടങ്ങിയത്.ഇക്കഴിഞ്ഞ മാർച്ചിൽ യുവതി കൂട്ടബലാൽസംഗത്തിന് ഇരയായിരുന്നു.ഇതിനെതിരെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു.മറ്റുള്ളവരെ പിടികൂടാനായില്ല. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി.ഇയാളും മറ്റ് നാലുപ്രതികളും ചേർന്നാണ് യുവതിയെ തീകൊളുത്തിയത്.

അതേസമയം യുവതിയെ കൊലയ്ക്കുകൊടുത്ത പൊലീസ് അനാസ്ഥയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നു.യുവതിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ ബിജെപിയുടെ സ്ഥലം എംപി സാക്ഷി മഹാരാജ്, മന്ത്രിമാരായ കമല്‍ റാണി വരുണ്‍ സ്വാമി, പ്രസാദ് മൗര്യ എന്നിവരെ നാട്ടുകാര്‍ വളഞ്ഞു. ‘ഇപ്പോള്‍ എന്തിനെത്തി, മടങ്ങിപ്പോകൂ’ എന്ന് മുദ്രാവാക്യം മുഴക്കി തടഞ്ഞുവച്ചവരെ പിരിച്ചുവിടാന്‍ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു.ദാരുണമായ പീഡനം ഏറ്റുവാങ്ങിയ യുവതി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിയപ്പോഴൊന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ തിരിഞ്ഞുനോക്കിയിരുന്നില്ല.വീണ്ടും ആക്രമിക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയശേഷമാണ് എംപിയും മന്ത്രിമാരും വീട്ടിലെത്തിയത്. പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാമജിസ്‌ട്രേറ്റിനും വീട് സന്ദര്‍ശിക്കാനായിരുന്നില്ല. ഡല്‍ഹിയില്‍ ഇന്നലെ രാത്രിയിലും മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധപ്രകടനം നടന്നു. ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുണ്ട്.

Previous ArticleNext Article