International, News

തായ്‌ലൻഡ് ഗുഹയിൽ കുടുങ്ങിയ നാല് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോർട്ട്

keralanews the four children who were trapped in the cave in thailand were rescued

ബാങ്കോക്ക്: പതിനഞ്ചു ദിവസം നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളായ നാല് കുട്ടികളെ രക്ഷപ്പെടുത്തി. ഇന്നു രാവിലെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടിരിക്കുന്നത്. പുറത്തെത്തിച്ച കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തെയാണ് കുട്ടികളെ പുറത്തെത്തിച്ചിരിക്കുന്നത്. ഇപ്പോഴും 10 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്‌ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളും മറ്റു സംഘത്തില്‍ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച്‌ അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക. കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റെ സഹായത്തോടെ പുറത്തേക്ക് നയിക്കും. നീന്തലറിയാത്ത കുട്ടികള്‍ക്ക് കയറില്‍ പിടിച്ച്‌ വെള്ളത്തിനടിയിലൂടെ നീങ്ങാന്‍ സാധിക്കും. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുക. വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ട പ്രാഥമിക കാര്യങ്ങള്‍ കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പുറത്ത് സജ്ജമാക്കിയിട്ടുമുണ്ട്.  കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു.മഴ അല്‍പം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഇപ്പോള്‍ താഴ്ന്നുവരികയാണ്. ഇതോടെ ഗുഹയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിക്കുകയും ചെയ്തു.

Previous ArticleNext Article