ന്യൂഡൽഹി:കൊറോണ പടർന്നുപിടിച്ച ചൈനയിലെ വുഹാനില്‍നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേര് അടങ്ങിയ സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്.234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘത്തില്‍ 211 പേര് വിദ്യാര്‍ത്ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ഇതിൽ 42 പേർ മലയാളികളാണ്.ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്,56 പേർ. തമിഴ്നാട്ടിൽ നിന്നും 53 പേരും സംഘത്തിലുണ്ട്. വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതര്‍ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്.ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി, സൈന്യത്തിന്റെ മെഡിക്കല്‍ സംഘം എന്നിവര്‍ യാത്രക്കാരെ പരിശോധിക്കും.ഇതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ബി.എച്ച്.ഡി.സി ആശുപത്രിയിലേക്ക് മാറ്റും.മറ്റുള്ളവരെ ഹരിയാനയിലെ മാനേസറിലെ ഐസോലേഷന് ക്യാമ്പിലേക്ക് മാറ്റും.സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഐസോലേഷന് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.14 ദിവസമായിരിക്കും ഇവര്‍ ഐസോലേഷന് ക്യാമ്പിൽ കഴിയുക.ഡല്‍ഹി റാംമനോഹര്‍ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം ഡൽഹിയിലേക്ക് യാത്രതിരിച്ചു.