തളിപ്പറമ്പ്:സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക ജയിൽ തളിപ്പറമ്പിൽ സ്ഥാപിക്കും. ജയിലിനായി നിർദേശിക്കപ്പെട്ട സ്ഥലം റെവന്യൂ വിഭാഗം അളന്നു തിട്ടപ്പെടുത്തി ജയിൽ വിഭാഗത്തിന് കൈമാറി.കുറ്റ്യേരി വില്ലേജിൽ രണ്ടു സർവ്വേ നമ്പറുകളിലായി കിടക്കുന്ന 8.75 ഏക്കർ സ്ഥലമാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് എൻ.എസ് നിർമ്മലാനന്ദന്‍ കൈമാറിയത്. കേരളത്തിലെ മാതൃക ജയിലായിരിക്കും തളിപ്പറമ്പിൽ സ്ഥാപിക്കുക.അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടൊപ്പം തടവുകാർക്ക് കൂടുതൽ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും.മേശയും കസേരകളും ഉള്ള ഡൈനിങ്ങ് ഹാൾ,ബാത്ത് അറ്റാച്ചഡ് സെല്ലുകൾ,സെല്ലുകളിൽ ഫാൻ തുടങ്ങിയ സൗകര്യമാണ് ഇവിടെ ഒരുക്കുക.300 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉള്ളത്.രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന് ഏഴു മീറ്റർ ഉയരത്തിൽ ചുറ്റുമതിലും മതിലിനു മുകളിൽ വൈദ്യുതിവേലിയും ഉണ്ടായിരിക്കും.ഡൽഹിയിലെ തീഹാർ,തെലങ്കാനയിലെ ഹൈദരാബാദ് സെൻട്രൽ ജയിൽ എന്നിവിടങ്ങളിലുള്ള സൗകര്യങ്ങളാണ് ഇവിടെയും ഒരുക്കുക. 20 കോടി രൂപയാണ് പ്രാഥമിക ചിലവായി കണക്കാക്കുന്നത്.പയ്യന്നൂർ,തളിപ്പറമ്പ് കോടതിയിൽ നിന്നുള്ള തടവുകാർക്ക് പുറമെ ആറ് മാസം വരെ ശിക്ഷ വിധിക്കുന്നവരെയും ഇവിടെ പാർപ്പിക്കും.കണ്ണൂർ ജയിലിന്റെ മാതൃകയിൽ ഭക്ഷ്യോത്പന്ന നിർമാണ ശാലയും ഇവിടെ ആരംഭിക്കും.സെൻട്രൽ ജയിലിൽ ശിക്ഷ തടവുകാരെ മാത്രം പാർപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് ജയിൽ ഇല്ലാത്ത എല്ലാ താലൂക്കിലും പുതിയ ജയിൽ നിർമിക്കാൻ തീരുമാനിച്ചത്.
Kerala, News
സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക ജയിൽ തളിപ്പറമ്പിൽ സ്ഥാപിക്കും
Previous Articleഅമൃതാനന്ദമയി മഠത്തിൽ അമേരിക്കൻ പൗരന് ക്രൂരമർദനം