Kerala, News

ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കണ്ണൂരില്‍ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം

keralanews the family of an expatriate who committed suicide in kannur with more allegations against anthoor municipal authorities

കണ്ണൂര്‍: ആന്തൂര്‍ നഗരസഭാ അധികൃതര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കണ്ണൂരില്‍ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം.കോടികള്‍ ചെലവാക്കി നിര്‍മിച്ച കെട്ടിടത്തിന് അനുമതി നിഷേധിച്ചതിന് പിന്നില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സന്റെ വൈരാഗ്യം മൂലമാണെന്ന് മരിച്ച സാജന്റെ ഭാര്യ ബീന ആരോപിച്ചു. സി പി എമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് ചതിച്ചത്.പി ജയരാജന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കുടുംബം വ്യക്തമാക്കി.നഗരസഭ അനുമതി പേപ്പര്‍ നല്‍കാത്തതിനെ തുടര്‍ന്ന് ആശങ്കയിലായിരുന്നു സാജന്‍.വെറുതേയൊരു സ്ഥാപനം ഉണ്ടാക്കിയിടേണ്ടി വരുമല്ലോയെന്ന ഭയം സാജനെ വേട്ടയാടിയിരുന്നു. ഏറെ ദിവസങ്ങളായി പെര്‍മിറ്റ് പേപ്പറിന് വേണ്ടി സാജനെ കളിപ്പിച്ചുവെന്നും ബീന ആരോപിക്കുന്നു.16 കോടിയോളം രൂപ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവർത്തനാനുമതി വൈകിച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. 15  കൊല്ലത്തിലേറെ കാലം  നൈജീരിയയില്‍  ജോലി ചെയ്ത് സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ കണ്‍വന്‍ഷന്‍ സെന്‍ററിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കണ്‍വന്‍ഷൻ സെന്‍ററിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.ഇതേ തുടര്‍ന്ന് പരാതിയുമായി സജന്‍ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസറെ സമീപിച്ചു.പരിശോധന നടത്തിയ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ നിര്‍മ്മാണം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. ഒടുവില്‍ നിർമ്മാണം പൂർത്തിയാക്കി കെട്ടിട നമ്പറിന് അപേക്ഷ നൽകിയപ്പോൾ ചെറിയ കാരണങ്ങൾ പറഞ്ഞ് നഗരസഭ നിരന്തരം അപേക്ഷ മടക്കിയെന്ന് പാർത്ഥ ബിൽഡേഴ്സ് മാനേജർ സജീവന്‍ ആരോപിക്കുന്നു.മൂന്ന് മാസം മുന്‍പാണ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്  സമര്‍പ്പിച്ച്  കെട്ടിട നമ്പറിട്ട് നല്‍കാന്‍ നഗരസഭയെ സമീപിച്ചത്. പല തവണ നഗരസഭാ ഓഫിസ് കയറിയിറങ്ങിട്ടും പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അനുമതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു.തനിക്ക് മടുത്തുവെന്നും ഒന്നും നടക്കില്ലെന്നും കഴിഞ്ഞ ദിവസം സജന്‍  ഫോണില്‍ പറഞ്ഞിരുന്നതായി കെട്ടിട്ടം നിര്‍മ്മിച്ച പാര്‍ത്ഥാസ് ബില്‍ഡേഴ്സ് മാനേജര്‍ സജീവന്‍ പറഞ്ഞു.പരാതിയുമായി മേലുദ്യോഗസ്ഥനെ സമീപിച്ചതിന് പക പോക്കുകയാണ് നഗരസഭ ചെയ്തെന്നാണ് പരാതി. അതേ സമയം സ്വാഭാവികമായ കാലതാമസം മാത്രമാണുണ്ടായതെനന്നും അനുമതി നിഷേധിച്ചിട്ടില്ലെന്നുമാണ് ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ പി കെ ശ്യാമള മാധ്യമങ്ങളോട് പറഞ്ഞത്.

Previous ArticleNext Article