Kerala, News

വിശദീകരണം തൃപ്തികരമല്ല;മാധ്യമപ്രവർത്തകൻ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ 60 ദിവസത്തേക്ക് കൂടി നീട്ടി

keralanews the explanation is not satisfactory the suspension period of sriram venkitaraman extended to 60days

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോൾ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്. ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ച വിശദീകരണത്തിലാണ് ശ്രീറാം ഇക്കാര്യം പറഞ്ഞത്.എന്നാല്‍ വിശദീകണം തള്ളിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടി. 60 ദിവസത്തേയ്ക്ക് കൂടിയാണ് സസ്പെന്‍ഷന്‍ നീട്ടിയത്.ഓഗസ്റ്റ് മൂന്നാം തീയതി പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച്‌ മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്.സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി കേസില്‍ പ്രതിയായ ശ്രീറാമിനെ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിശദീകരണത്തില്‍ ശ്രീറാം നിഷേധിക്കുകയാണ്. മദ്യപിക്കാത്ത ആളാണ് താനെന്നും അപകട സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് ഏഴ് പേജുള്ള വിശദീകരണ കുറിപ്പില്‍ ശ്രീറാം ആവര്‍ത്തിക്കുന്നത്. മദ്യപിച്ച്‌ വാഹനം ഓടിച്ചിട്ടില്ലെന്നും വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ശ്രീറാം പറയുന്നു. വിശദീകരണം തള്ളുകയാണെങ്കില്‍ തന്നില്‍ നിന്നും നേരിട്ട് വിശദീകരണം കേള്‍ക്കാനുള്ള അവസരം തരണമെന്നും ശ്രീറാം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നീളുന്ന സാഹചര്യത്തിലാണ് ശ്രീറാമിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടിയത്. ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്.

Previous ArticleNext Article