കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി വിതരണവും,ജല വിതരണവും വിച്ഛേദിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കനത്ത പൊലീസ് സുരക്ഷയില്‍ കെ.എസ്.ഇ.ബി ജീവനക്കാരാണ് വൈദ്യുതി വിച്ഛേദിച്ചത്.രാവിലെ ഒൻപത് മണിയോടെയാണ് ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണം നിര്‍ത്തിവെച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി ഫ്ളാറ്റുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ച് പൊളിക്കുന്നതിനായി ആദ്യഘട്ടമെന്ന നിലയിലാണിത്. കുണ്ടന്നൂരിലെ എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിന് കോറല്‍കേവ്, ആല്‍ഫാ വെഞ്ച്വേഴ്സ്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം എന്നീ നാല് ഫ്ളാറ്റുകളിലെ വൈദ്യുതി,ജലവിതരണമാണ് വിച്ഛേദിച്ചത്.സംഭവം അറിഞ്ഞ താമസക്കാര്‍ ഫ്ലാറ്റുകള്‍ക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ്. വെള്ളവും വെളിച്ചവും പാചകവാതകവും നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പ്രായമുള്ളവരെയും കുട്ടികളെയും പോലും പരിഗണിച്ചില്ലെന്നും ഇവർ ആരോപിച്ചു.റാന്തല്‍വെളിച്ചത്തില്‍ സമരം തുടരുമെന്നും ഫ്ലാറ്റ് സംരക്ഷണ സമിതി അറിയിച്ചു.സെപ്റ്റംബര്‍ 27നകം ഫ്ലാറ്റുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.കുടിവെള്ളം വെള്ളിയാഴ്ച വിച്ഛേദിക്കും. രണ്ടു ദിവസത്തിനകം പാചകവാതക വിതരണം അവസാനിപ്പിക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി മൂന്നു മാസത്തിനകം പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ഒക്ടോബര്‍ മൂന്നിനകം പൊലീസ്, ജില്ല അധികൃതര്‍, ജല-വൈദ്യുതി വകുപ്പുകള്‍ എന്നിവരുമായി ചേര്‍ന്ന് ഒഴിപ്പിക്കല്‍ പദ്ധതി തയാറാക്കും.ഒന്നിനും മൂന്നിനുമിടയില്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കും 750 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളിലെ താമസക്കാര്‍ക്കും നോട്ടീസ് നല്‍കും. 11ന് ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാൻ ആരംഭിക്കും.ഡിസംബര്‍ നാലിനകം പൊളിക്കല്‍ പൂര്‍ത്തിയാക്കും. അവശിഷ്ടങ്ങള്‍ ഡിസംബര്‍ നാലിനും 19നും ഇടയില്‍ നീക്കും.അതേസമയം ഫ്ലാറ്റുടമകളുടെ പരാതിയിൽ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിനാണ് കേസ്. ഫ്ലാറ്റ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന അടക്കമുള്ള നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് പൊലീസ് തീരുമാനം.