തിരുവനന്തപുരം:ഐ.എം.എ യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. ദേശീയ മെഡിക്കല്‍ ബില്‍ (എന്‍.എം.സി) നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറാത്തതില്‍ പ്രതിഷേധിച്ചാണ് ഒ.പി ബഹിഷ്‌കരണം. അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, തീവ്രപരിചരണ വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവയെ ബഹിഷ്ക്കരണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ – സ്വകാര്യ ഡോക്ടര്‍മാര്‍ ബഹിഷ്‌കരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ‘നോ എന്‍.എം.സി ഡേ’ ആചരണമായി ഒപി ബഹിഷ്‌കരണം നടത്തുന്നത്.കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്നു. എന്നാല്‍ ബിൽ വീണ്ടും ലോക്സഭയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ രണ്ടാംഘട്ട സമരവുമായി രംഗത്തുവന്നത്.