കണ്ണൂർ:മൊറാഴ വെള്ളിക്കീലിൽ ഉടുപ്പകുന്ന് ഇടിച്ചു നികത്തി സ്വകാര്യ കമ്പനി റിസോർട് നിർമിക്കുന്നതിനെ കുറിച്ച് ജിയോളജി വകുപ്പ് അന്വേഷിക്കും. റിസോർട് നിർമാണം പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് കാണിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബക്കളം യൂണിറ്റ് നൽകിയ പരാതിയിലാണ് അന്വേഷണം.ജില്ലാ കളക്റ്റർക്കാണ് പരാതി നൽകിയിരിക്കുന്നത്.ഉടുപ്പകുന്ന് പൂർണ്ണമായും ഇടിച്ചു നികത്തിക്കൊണ്ടുള്ള നിർമാണത്തിലെ പരിസ്ഥിതികാഘാതം പഠിക്കണമെന്നാണ് സാഹിത്യ പരിഷത്തിന്റെ ആവശ്യം.സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ മകൻ പി.കെ ജെയ്സൺ ചെയർമാനായ സ്വകാര്യ കമ്പനിയാണ് റിസോർട്ട് നിർമിക്കുന്നത്.2016 ഒക്ടോബറിലാണ് റിസോർട്ട് നിർമാണത്തിന് അധികൃതർ അനുമതി നൽകിയത്. ആന്തൂർ നഗരസഭയിലെ പത്തേക്കർ സ്ഥലത്താണ് കുന്നിടിച്ച് ആയുർവേദ റിസോർട്ടും ആശുപത്രിയും സ്ഥാപിക്കുന്നത്.കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് നിർമാണം.കണ്ണൂരിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കാദിരി ഗ്രൂപ്പും കമ്പനിയിൽ പങ്കാളികളാണ്.