ഇരിട്ടി:കരിക്കോട്ടക്കരിയിലെ സെന്റ് തോമസ് ഹൈസ്കൂൾ അദ്ധ്യാപിക ചരലിലെ പാംബ്ലാനിയിൽ മേരി(42) യുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തൽ. സംഭവുമായി ബന്ധപ്പെട്ട് മേരിയുടെ ഭർത്താവ് സാബു ജേക്കബ്,തമിഴ്‍നാട് സ്വദേശികളായ വേപ്പിലപട്ടി രവികുമാർ,എൻ.ഗണേശൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സാബുവും കൊട്ടേഷൻ ഏറ്റെടുത്ത തമിഴ്നാട് സ്വദേശികളും ചേർന്ന് കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 29 നാണ് മേരിയെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പിന്നീട് നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് ആദ്യം കരിക്കോട്ടക്കരി പോലീസും പിന്നീട് ഇരിട്ടി ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് നടത്തിയ ക്വട്ടേഷൻ കൊലപാതകമാണിതെന്ന് കണ്ടെത്തിയത്. ലോറി ഡ്രൈവറായ സാബുവിന്റെ വഴിവിട്ട ജീവിതത്തിനു തടസ്സം നിന്നതിനാണ് മേരിയെ ഇയാൾ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ആറുമാസം മുൻപ് തന്നെ സാബു ഭാര്യയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു.ഇതിനായി ചെങ്കൽ മേഖലയിൽ നിന്നും പരിചയപ്പെട്ട തമിഴ്നാട് സ്വദേശികളായ രവികുമാറിന്റെയും ഗണേശന്റെയും സഹായം തേടി.രണ്ടുലക്ഷം രൂപയാണ് ക്വട്ടേഷൻ തുകയായി നൽകിയത്. കൊലപാതക ദിവസം രാത്രിയിൽ മേരിയെ വീടിനു പുറത്തെത്തിക്കുന്നതിനായി സാബു വീട്ടിലെ വാഷിംഗ് മെഷീൻ കേടാക്കി നന്നാക്കാനായി കൊണ്ടുപോയി.രാത്രി നന്നാക്കിയ വാഷിങ് മെഷീനുമായി വാഹനത്തിലെത്തിയ സാബു ഭാര്യയോട് വാഹനത്തിൽ രണ്ടുപേരുണ്ടെന്നും വാഷിങ് മെഷീൻ അകത്തെടുത്തുവെയ്ക്കാൻ മേരി കൂടി സഹായിക്കാണണമെന്നും ആവശ്യപ്പെട്ടു.ഇതനുസരിച്ചു മേരി പുറത്തേക്കിറങ്ങി. സഹായിക്കാനെന്ന വ്യാജേന വീടിനു വെളിയിൽ നിന്നെത്തിയ രണ്ടുപേരും സാബുവും ചേർന്ന് മേരിയെ എടുത്ത് കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.കിണറ്റിൽ വീണ മേരി രക്ഷപ്പെടാതിരിക്കാനായി കിണറ്റിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പും മുറിച്ചു മാറ്റി.മേരി മരിച്ചെന്ന് ഉറപ്പുവരുത്തിയതോടെ സഹായികൾ സ്ഥലം വിട്ടു.ശേഷം സാബു സമീപത്തെ വീടുകളിൽ പോയി മേരി കിണറ്റിൽ വീണതായി പറയുകയായിരുന്നു.സംഭവത്തിന് ശേഷം സാബു പോലീസ് നിരീക്ഷണത്തിലായിരുന്നു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Kerala, News
കരിക്കോട്ടക്കരിയിലെ സ്കൂൾ അധ്യാപികയുടെ മരണം കൊലപാതകം;ഭർത്താവും കൂട്ടാളികളായ രണ്ട് തമിഴ്നാട് സ്വദേശികളും പിടിയിൽ
Previous Articleനാലിടത്ത് ഉരുൾപൊട്ടി;മലയോരം ഒറ്റപ്പെട്ടു