
പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇന്ന് കോടതി അവധിയായായതിനാൽ മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി മജിസ്ട്രേറ്റ് ജഡ്ജ് അനിൽ.കെ.ഭാസ്ക്കറിന്റെ വസതിയിലായിരിക്കും പ്രതികളെ ഹാജരാക്കുക.പ്രതികളെ റിമാൻഡ് ചെയ്തതിനു ശേഷം കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പോലീസ് സമർപ്പിക്കും. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് പതിനാറുപേരുടെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു.ഇവർക്കെതിരെ കൊലപാതകക്കുറ്റം, പട്ടിക വർഗ പീഡന വിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകൾ,വനത്തിൽ അതിക്രമിച്ചു കയറിയതിനുള്ള പ്രത്യേക വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.