തിരുവനന്തപുരം:തിരുവനന്തപുരത്ത് ലിത്വാനിയൻ യുവതി ലിഗയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം.ശ്വാസം മുട്ടിയാണ് ലിഗ മരണപ്പെട്ടതെന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്റ്റർമാർ പറഞ്ഞതായാണ് സൂചന. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടടക്കമുള്ള പരിശോധന ഫലങ്ങൾ ലഭിച്ചാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂ.പുതിയ സാഹചര്യത്തിൽ കൊലപാതക സാധ്യത മുന്നിൽകണ്ട് പോലീസ് അന്വേഷണം തുടങ്ങി.അതിനിടെ കൂടുതൽ ദുരൂഹത ഉയർത്തി വ്യത്യസ്തമായ മൊഴികളും പോലീസിന് ലഭിക്കുന്നുണ്ട്. ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടുവെന്നും കണ്ടില്ലെന്നും അന്വേഷണ സംഘത്തിന് മൊഴികൾ ലഭിച്ചു. മൊഴി നൽകിയവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.ഏതാനും നാളുകൾക്ക് മുൻപ് ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞതായി പ്രദേശത്ത് മീൻപിടിക്കാൻ എത്തിയ മൂന്ന് യുവാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു.ഇവർ പറഞ്ഞതനുസരിച്ച് പോലീസ് ഇക്കാര്യം ചോദിച്ചപ്പോൾ താൻ കണ്ടിട്ടില്ലെന്നും യുവാക്കളോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് സ്ത്രീ മൊഴി നൽകിയത്.പരസ്പര വിരുദ്ധമായ മൊഴികളിൽ വ്യക്തത വരുത്താൻ യുവാക്കളെയും സ്ത്രീയെയും പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.കേസിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.സംസ്ഥാന സർക്കാരിനെയും കേരളം ടൂറിസത്തെയും പ്രതിസന്ധിയിലാക്കിയേക്കാവുന്ന സംഭവത്തിൽ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്.
Kerala, News
തിരുവനന്തപുരത്ത് വിദേശ വനിത ലിഗ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം
Previous Articleബലാൽസംഗകേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരാണെന്ന് കോടതി