Kerala, News

ഫാത്തിമ ലത്തീഫിന്റെ മരണം;സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

keralanews the death of fathima latheef amith sha said cbi will investigate the case

ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാര്‍ഥിനിയുടെ പിതാവ് ലത്തീഫുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സിബിഐ അന്വേഷണം നടത്താമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയത്.വനിതാ ഐജിയുടെ നേതൃത്വത്തിലാകും സിബിഐ അന്വേഷണം നടക്കുകയെന്നും അമിത് ഷാ കൂടിക്കാഴ്ചയില്‍ അറിയിച്ചു.കേരളത്തില്‍നിന്നുള്ള എം.പിമാരുടെ നേതൃത്വത്തിലാണ് ഫാത്തിമയുടെ പിതാവ് ലത്തീഫ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചത്. ലത്തീഫിന്റെ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറി.ഇതോടൊപ്പം 37 എം.പിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കി. ഫാത്തിമയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന് പുറമേ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനമടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുകയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.ഈ അന്വേഷണങ്ങളോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തിയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫും പ്രതികരിച്ചു. തന്റെ മകള്‍ അവസാനത്തെ ഇരയാകണമെന്നാണ് ആഗ്രഹം. ഇനിയും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകരുത്. ഫാത്തിമയുടെ മരണത്തിന് ശേഷം നീതി ലഭ്യമാക്കാന്‍ രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബര്‍ ഒൻപതിനാണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Previous ArticleNext Article