Kerala, News

ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും

keralanews the deadbody of afeel johnson who died when hammer hits his head during school meet buried after postmortem

കോട്ടയം:പാലായിൽ നടന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും.കോട്ടയം മെഡിക്കല്‍ കോളേജില്‍ രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.വൈകുന്നേരം സംസ്ക്കാര ചടങ്ങുകൾ നടക്കും.ഇന്നലെ വൈകുന്നേരം തന്നെ പാലാ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.ഈ മാസം നാലിന് പാലയില്‍ നടന്ന ജൂനിയര്‍ അത്ലറ്റിക് മീറ്റിലാണ് അഫീലിന് പരിക്കേറ്റത്. ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയായിരുന്ന അഫീല്‍ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. പാല സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയായിരുന്നു അഫീൽ.ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തില്‍ ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണ ജാവലിനുകള്‍ എടുത്ത് മാറ്റാന്‍ നിന്ന അഫീല്‍ ജോണ്‍സന്റെ തലയിലേക്ക് എതിര്‍ദിശയില്‍ നിന്ന് ഹാമര്‍ വന്ന് വീണാണ് അപകടമുണ്ടായത്. തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍. കഴിഞ്ഞ ഏതാനം ദിവസങ്ങളായി അഫീലിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നല്‍കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയും ന്യൂമോണിയ ബാധയുണ്ടാവുകയുമായിരുന്നു. ഇതാണ് മരണത്തിന് കാരണമായത്.വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു.ഇതിനിടെ, ഹാമര്‍ തലയില്‍വീണ് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സണിന്റെ സംസ്‌കാര ചടങ്ങ് ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സര്‍ക്കാറിന്റെ പ്രതിനിധിയായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയ കോട്ടയം തഹസില്‍ദാര്‍ രാജേന്ദ്രകുമാറാണ് ഇക്കാര്യം അഫീലിന്റെ മാതാപിതാക്കളായ ജോണ്‍സനെയും ഡാര്‍ളിയെയും അറിയിച്ചത്. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Previous ArticleNext Article