കണ്ണൂർ: താളിക്കാവിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു.താഴെചൊവ്വ ‘ജയനിവാസിൽ’ ജിതിൻ ജയചന്ദ്രന്റെ(24) മൃതദേഹമാണ് കണ്ടെത്തിയത്.കിണറിനു സമീപം കാണപ്പെട്ട ബൈക്കും മൃതദേഹത്തിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ,ചെരുപ്പ് എന്നിവ ജിതിന്റെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചൊവ്വാഴ്ച ഉച്ചയോടെ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചു.ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ പൂർവ്വവിദ്യാർഥിയാണ് ജിതിൻ.ക്ഷീരവികസന വകുപ്പിൽ നിന്നും വിരമിച്ച എം.കെ ജയചന്ദ്രന്റെയും കണ്ണൂർ ജില്ലാ ബാങ്ക് മുൻ മാനേജർ സി.സുമതിയുടെയും മകനാണ്.ചക്കരക്കൽ ഡിസ്പെൻസറിയിലെ ഡോ.ജിഷ സഹോദരിയാണ്. ചെറുപ്പത്തിൽ തന്നെ മയക്കുമരുന്നിന് അടിമയായ ജിതിന്റെ പേരിൽ ചില കേസുകളും നിലവിലുണ്ടായിരുന്നു.ബന്ധുക്കൾ ജിതിനെ ലഹരിവിമോചന ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.പഠനത്തിൽ മിടുക്കനായിരുന്ന ജിതിൽ എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.പിന്നീട് വിമൽ ജ്യോതി എൻജിനീയറിങ് കോളേജിൽ ചേർന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.ജില്ലാ സ്കൂൾ സ്പോർട്സ് മീറ്റിൽ ഗുസ്തിയിൽ ചാമ്പ്യനായിരുന്നു ജിതിൻ.മരണം എങ്ങനെ സംഭവിച്ചു എന്നുള്ളത് മൃതദേഹ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ പറയാനാകൂ എന്ന് ടൌൺ എസ്‌ഐ ബാബുമോൻ പറഞ്ഞു.