തിരുവനന്തപുരം:അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ എഎന്‍ 32 വിമാനം തകർന്നു മരിച്ച മലയാളി ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.രാവിലെ 7.15ന് തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിൽ എത്തിച്ച അനൂപ് കുമാറിന്റെ ഭൗതിക ശരീരം മന്ത്രി കെ രാജുവിന്‍റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയാണ് നാട്ടിൽ എത്തിച്ചത്. അഞ്ചൽ ഇടമുളക്കലിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചു. അനൂപ് കുമാർ പഠിച്ച ഏരൂർ ഹൈസ്ക്കൂളിലും വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപ്പറൽ എൻ കെ ഷരിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിലാണ് എത്തിച്ചു. ഷരിൻ പഠിച്ച അഞ്ചരക്കണ്ടി വിശ്വവിനോദിനി എൽ പി സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.തൃശൂര്‍ സ്വദേശി വിനോദ് കുമാറിന്‍റെ മൃതദേഹം നിലവിലെ താമസസ്ഥലമായ കോയമ്പത്തൂരിലെ സിങ്കാനെല്ലൂരിലാണ് എത്തിച്ചത്.വിമാനാപകടത്തില്‍ മരിച്ച വ്യോമസേന സൈനികര്‍ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആദരവര്‍പ്പിച്ചു. ഡല്‍ഹിയിലെ പാലം വ്യോമസേന വിമാനത്താവളത്തിലാണ് പ്രതിരോധമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഈ മാസം ജൂണ്‍ 3നാണ് വ്യോമസേന വിമാനം അപകടത്തില്‍പെട്ടത്. അപകടം സംബന്ധിച്ചുള്ള വ്യോമസേന അന്വേഷണം തുടരുകയാണ്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സിന്‍റെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.