ന്യൂഡൽഹി:അരുണാചൽ പ്രദേശിൽ ഇന്ത്യൻ എയർഫോർസിന്റെ വിമാനം തകർന്നു വീണ് മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.ആറുപേരുടെ മൃതദേഹങ്ങളും ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങളുമാണ് കണ്ടെടുത്തതെന്ന് വ്യോമസേനാവൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു.അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് അടുത്ത് ആണ് വ്യോമസേന വിമാനം എ.എന്‍ 32 തകര്‍ന്ന് വീണത്.ജൂണ്‍ 3 ന് കാണാതായ വിമാനം എട്ടാം ദിവസം കണ്ടെത്തിയിരുന്നുവെങ്കിലും പ്രതികൂലമായ കാലാവസ്ഥ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിന് തടസ്സമായിരുന്നു. മൂന്ന് മലയാളികള്‍ അടക്കം വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരുടെയും മൃതദേഹങ്ങളാണ് പതിനേഴ് ദിവസത്തിന് ശേഷം പൂര്‍ണ്ണമായി കണ്ടെടുക്കാനായത്.കണ്ടെടുത്ത മൃതദേഹങ്ങള്‍ അസമിലെ ജോര്‍ഹട്ടില്‍ എത്തിക്കും. മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെയാകും നാട്ടിലെത്തിക്കുക.തിരുവനന്തപുരം സ്വദേശി എസ്.അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ് കുമാര്‍, കണ്ണൂര്‍ സ്വദേശി എന്‍ കെ ഷെരിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളി വ്യോമസേന ഉദ്യോഗസ്ഥര്‍.അതേസമയം കണ്ടെടുത്ത വ്യോമസേന വിമാനത്തിന്‍റെ കോക്പിറ്റിലെ ശബ്ദരേഖയും ഡാറ്റ റെക്കോര്‍ഡിങും അടങ്ങിയ ബ്ലാക്ക് ബോക്സിന്‍റെ പരിശോധനയും നടക്കുകയാണ്.ഇത് വിശദമായി പരിശോധിച്ചാല്‍ മാത്രമേ അപകടകാരണം സംബന്ധിച്ച വ്യക്തത വരികയുള്ളു.