Kerala, News

കായലിൽ ചാടിയ മുൻ പഞ്ചായത്തംഗത്തിന്റെ മൃതദേഹം കണ്ടെത്തി

keralanews the dead body of fomer panchayath president who jumped in the lake were found

കൊച്ചി: പാര്‍ട്ടി പ്രദേശിക നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പെഴുതിവച്ച ശേഷം കായലില്‍ ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി. എളങ്കുന്നത്തുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ കൃഷ്ണന്റെ (74) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കണ്ടെടുത്തത്. കണ്ണമാലി തീരത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നും കൃഷ്ണന്‍ കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ പക്കല്‍ കത്ത് നല്‍കിയ ശേഷമായിരുന്നു ഇത്. എളങ്കുന്നത്തുപുഴ ലോക്കല്‍ കമ്മിറ്റിംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു. മേയ് 31ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ബി.ജെ.പി പിന്തുണച്ചതോടെയാണ് സി.പി.എം നേതാവായിരുന്ന കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ അധികാരനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചുനാളായി പാര്‍ട്ടിയില്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നും തന്നെ പുകച്ചുപുറത്താക്കുന്ന പാര്‍ട്ടിയാണ് എളങ്കുന്നത്തുപുഴ ലോക്കല്‍ കമ്മിറ്റിയെന്നും  കത്തില്‍ പറയുന്നു.അതേസമയം, കൃഷ്ണന്റെ ആത്മഹത്യകുറിപ്പില്‍ പറയുന്നകാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം പ്രദേശിക നേതൃത്വം പറയുന്നു. കൃഷ്ണന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടിട്ടുണ്ട്.

Previous ArticleNext Article