
മലപ്പുറം:ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ മൃതദേഹം സൂക്ഷിച്ചത് മൂന്ന് മാസം.മലപ്പുറം ജില്ലയിലെ കൊളത്തൂരിലാണ് വിചിത്രമായ ഈ സംഭവം.മന്ത്രവാദത്തിലൂടെ പുനർജീവിക്കുമെന്ന് കരുതിയാണ് വീട്ടുകാർ മൃതദേഹം സൂക്ഷിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.വാഴയിൽ മൊയിദീൻകുട്ടിയുടെ മകൻ സെയ്താണ് മരിച്ചത്.മരിച്ച സൈദിന്റെ ഭാര്യയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഇവരെ സന്ദർശിക്കാനെത്തിയപ്പോൾ വാതിൽ തുറക്കാതെ വന്നപ്പോഴാണ് ബന്ധുക്കൾ പരാതി നൽകിയത്.സെയ്തിന്റെ ഭാര്യാസഹോദരൻ മൊയ്തീൻകുട്ടി സെയ്തിനെ കുറിച്ച പലതവണ അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടാത്തതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ വാർഡ് മെമ്പർ,സി.ഡി.എസ് പ്രവർത്തകർ,നാട്ടുകാർ എന്നിവരെ കൂട്ടി വീട്ടിലെത്തുകയായിരുന്നു.അടച്ചിട്ട മുറി ബലമായി തുറന്നു നോക്കിയപ്പോഴാണ് നിലത്തു വെള്ള തുണിയിൽ പുതപ്പിച്ച നിലയിൽ മൃതദേഹം കണ്ടത്.മൃതദേഹത്തിന് ചുറ്റും സെയ്തിന്റെ ഭാര്യയും മക്കളും മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു.വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.സൈദിന്റെ ഭാര്യ രണ്ടു വർഷമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കുടുംബത്തിന് നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ മരണ വിവരം പുറത്തറിഞ്ഞില്ല.