Kerala, News

നേപ്പാളിൽ മരിച്ച തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; സംസ്ക്കാര ചടങ്ങുകൾ പുരോഗമിക്കുന്നു

keralanews the dead bodies of five died in nepal resort brought to home funeral is progressing

തിരുവനന്തപുരം:നേപ്പാളിൽ റിസോർട്ടിൽ മരിച്ച എട്ടുപേരിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു.വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ പ്രവീണിന്റെ സഹോദരീ ഭര്‍ത്താവ് രാജേഷ് ഏറ്റുവാങ്ങിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലെയ്‌നിലെ രോഹിണിഭവനിലെത്തിച്ചു. രാവിലെ പത്തുമണിയോടെയാണ് സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചത്.വീട്ടുവളപ്പിലൊരുക്കിയ ഒറ്റ കുഴിമാടത്തിലാവും പ്രവീണിന്‍റെ മൂന്ന് കുഞ്ഞ് മക്കളേയും അടക്കുക. കുട്ടികളുടെ കുഴിമാടത്തിന് ഇരുവശത്തുമായി പ്രവീണിന‍ും ഭാര്യ ശര്യണയ്ക്കും ചിതയൊരുക്കും.അഞ്ച് ആംബുലന്‍സുകളിലായി ഒരുമിച്ചാണ് തിരുവനന്തപുരം മെഡി.കോളേജില്‍ നിന്നും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണത്തെ വീട്ടിലേക്ക് എത്തിച്ചത്.വീട്ടുമുറത്തൊരുക്കിയ പന്തലിലേക്ക് അഞ്ച് മൃതദേഹങ്ങളും എത്തിച്ചതോടെ ആളുകളുടെ നിലവിളിയും കരച്ചിലും നിയന്ത്രണാതീതമായി. ആയിരക്കണക്കിന് ആളുകളാണ് പ്രവീണിനും കുടുംബത്തിനും അന്തിമോപചാരം അര്‍പ്പിക്കാനായി വീട്ടിലേക്ക് എത്തിയത്.മരണപ്പെട്ട മൂന്ന് കുട്ടികളുടേയും ജന്മമാസമാണ് ജനുവരി കുട്ടികളില്‍ മൂത്തയാളായ ശ്രീഭദ്ര ജനുവരി 3 നും, മൂന്നാമന്‍ അഭിനവ് ജനുവരി 15നും, രണ്ടാമത്തെയാളായ ആര്‍ച്ച ജനുവരി 31-നുമാണ് ജനിച്ചത്. അടുത്ത ആഴ്ച വീടിന് അടുത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാനും മകളുടെ പിറന്നാള്‍ ആഘോഷിക്കാനുമായി നാട്ടിലെത്തും എന്ന് പ്രവീണ്‍ കൂട്ടുകാരേയും ബന്ധുക്കളേയും അറിയിച്ചിരുന്നു. എന്നാല്‍ ആഹ്ളാദം നിറയേണ്ട വീടിനെ എന്നേക്കുമായി ദുഖത്തിലാഴ്ത്തി അഞ്ച് പേരുടേയും ജീവനറ്റ ശരീരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, മേയര്‍ ശ്രീകുമാര്‍ തുടങ്ങിയവർ മരണപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Previous ArticleNext Article