കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും. അതിനിടെ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനായുള്ള അപേക്ഷയെ ഫ്രാങ്കോ മുളയ്ക്കല്‍ എതിര്‍ത്താല്‍ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണ് പൊലീസിന്റെ ആലോചന. കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥന് കെ.സുഭാഷിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന 20 മത്തെ നമ്പര്‍ മുറിയില്‍ മാത്രമായിരുന്നു തെളിവെടുപ്പ്. 50 മിനിറ്റ് നീണ്ട തെളിവെടുപ്പില്‍ മഠത്തില്‍ താമസിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിഷപ്പ് വ്യക്തമായ മറുപടി നല്‍കിയില്ല.