ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന നാളത്തെ ജനതാ കര്‍ഫ്യൂവില്‍ രാജ്യം നിശ്ചലമാകും. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുമണിവരെയാണ് നിയന്ത്രണം.പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോട് പൂര്‍ണമായി സഹകരിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നാളെ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ജനങ്ങളാരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. അത്രയേറെ അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ജോലിയാണെങ്കിലും പരമാവധി വീട്ടില്‍ത്തന്നെയിരുന്നു ചെയ്യാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദ്ദേശം.രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളെല്ലാം നാളെ നിര്‍ത്തി വയ്ക്കും. സ്വകാര്യ ബസുകളും, ഓട്ടോ, ടാക്സികളും ഒന്നും നിരത്തിലിറങ്ങില്ല. ഹോട്ടലുകളും പെട്രോള്‍ പാമ്പുകളും കടകളും അടഞ്ഞു കിടക്കും.3700ഓളം ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളൊന്നും ഓടില്ല.നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ സര്‍വീസ് തടസപ്പെടില്ല.
കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കെഎസ്‌ആര്‍ടിസി, കൊച്ചി മെട്രോ എന്നിവ സര്‍വീസ് നടത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. നാളെ കടകള്‍ തുറക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.
നാളെ രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് മണി വരെ പെട്രോള്‍ പമ്പുകൾ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ അറിയിച്ചു.