തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവ വാർഡിലേക്കുള്ള വഴിയിൽ കോൺക്രീറ്റ് അടർന്നു വീഴുന്നതായി പരാതി.മുകൾ നിലയിലെ പ്രസവ വാർഡിലേക്ക് പോകുന്ന ചെരിഞ്ഞ വഴിക്ക് മുകളിലുള്ള കോൺക്രീറ്റാണ് അടർന്നു വീഴുന്നത്.ഇവിടെ ഇരുപതിലേറെ ഭാഗങ്ങളിലായി കോൺക്രീറ്റ് അടർന്നു വീഴുകയും ചിലയിടങ്ങളിൽ അടർന്നു വീഴാറായ അവസ്ഥയിലുമാണ് ഉള്ളത്.ഗർഭിണികളെയും കൈക്കുഞ്ഞുങ്ങളെയും കൊണ്ടുപോകുന്ന വഴിയാണിത്.ഈ വഴിയിലും തൊട്ടടുത്തുള്ള സ്ഥലത്തുമാണ് രോഗിയുടെ കൂട്ടിരുപ്പുകാർ രാത്രി കിടന്നുറങ്ങുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കിടന്നുറങ്ങുകയായിരുന്ന ഒരാളുടെ തലയുടെ തൊട്ടടുത്താണ് വലിയ കോൺക്രീറ്റ് കഷ്ണം അടർന്നു വീണത്.ഇവിടെ ജനാലക്കമ്പികളും തുരുമ്പെടുത്തിട്ട് വർഷങ്ങളായി. ചുമരിൽ വള്ളിപ്പടർപ്പുകൾ പടർന്നു കയറിയിരിക്കുകയാണ്.ഏറെ ഭീതിയോടെയാണ് രോഗികളും കൂട്ടിരുപ്പുകാരും ഇതിലെ നടക്കുന്നത്.അതേസമയം അറ്റകുറ്റപ്പണി നടത്തുന്നതിന് പദ്ധതി തയ്യാറായിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പീയുഷ് പറഞ്ഞു ഇതിനു മൂന്നുമാസം സമയമെടുക്കും.