തിരുവനന്തപുരം:വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.ബസ്സുടമകൾ ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും ഇവരുടെ അമിതാവേശം നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.ജൂൺ ഒന്നുമുതൽ സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.പ്രതിദിനമുള്ള ഇന്ധന വിലവർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് കൺസഷൻ നിർത്തലാക്കുമെന്ന് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ പ്രഖ്യാപിച്ചത്.എന്നാൽ ഇത് സംബന്ധിച്ച് ബസ് ഉടമകൾക്കിടയിൽ ഭിന്നത ഉടലെടുത്തിരുന്നു.വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ തുടരുമെന്ന് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.കൺസെഷൻ നിർത്തലാക്കാനുള്ള അധികാരം ബസ്സുടമകൾക്കില്ലെന്നും ഇത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ പറഞ്ഞു.കൺസെഷൻ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്യു, എസ്എഫ്ഐ തുടങ്ങിയ വിദ്യാർത്ഥി സംഘടനകളും മുന്നോട്ട് വന്നിരുന്നു.കൺസെഷൻ നൽകിയില്ലങ്കിൽ ബസ്സുകൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് ഇവർ മുന്നറിയിപ്പ് നൽകി.