ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് ജൂണ്‍ ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. പദ്ധതി നടപ്പിലാകുന്നതോടെ ഇനി ആര്‍ക്കും എവിടെനിന്നും റേഷന്‍ വാങ്ങാനാവും.ആധാറിനെ ഇ-പോസ് മെഷീനുമായി ബന്ധിപ്പിച്ച ശേഷമായിരിക്കും വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ പദ്ധതി പ്രാബല്യത്തില്‍ വരികയെന്ന് ഭക്ഷ്യമന്ത്രി ലോക്‌സഭയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ ഇ- പോസ് സൗകര്യമുള്ള റേഷന്‍ ഷാപ്പുകള്‍ ആയിരിക്കണം. രാജ്യവ്യാപകമായി പദ്ധതി ജൂണ്‍ ഒന്നിന് നടപ്പാക്കുമെന്ന് പാസ്വാന്‍ പറഞ്ഞു. പുതിയ പരിഷ്‌കാരം രാജ്യത്തെ തൊഴിലാളികള്‍ക്കും, രാജ്യത്തെ ദിവസവേതനകാര്‍ക്കും ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ജോലി തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നവർക്ക് റേഷന്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകുമെന്നും പാസ്വാന്‍ പറഞ്ഞു.