തിരുവനന്തപുരം:കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കിടപ്പുരോഗിയെ പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡോക്ടറെയും നഴ്സുമാരെയും സസ്പെന്‍ഡ് ചെയ്തതിനെതിരെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരുടെ സമരം. ഒപി ഡ്യൂട്ടി ബഹിഷ്കരിച്ച് ഡോക്ടര്‍മാരുടെ റിലേ നിരാഹാര സത്യാഗ്രഹമാണ് കെജിഎംസിടിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. അതേസമയം കൊവിഡ് ഇതര ഡ്യൂട്ടി ഇവര്‍ ബഹിഷ്കരിക്കില്ല. നഴ്സുമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ കരിദിനം പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണാനുകൂല സംഘടനയായ കെജിഒഎ പ്രതിഷേധ ധര്‍ണ നടത്തി.രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നോഡല്‍ ഓഫിസര്‍ ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍, രജനി കെ വി എന്നിവരെയാണ് ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നായിരുന്നു നടപടി. സസ്പെന്‍ഷന് പിന്നാലെ ഡോക്ടര്‍മാരും നഴ്സുമാരും ഒന്നിച്ച് റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചു. ഇതോടെയാണ് ഇന്ന് രാവിലെ മുതല്‍ ഡോക്ടര്‍മാരും നഴ്സുമാരും സമരത്തിലേക്ക് നീങ്ങിയത്.കെജിഎംസിടിഎ തിരുവനന്തപുരം ജില്ലാ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ രാവിലെ റിലേ സത്യാഗ്രഹം തുടങ്ങും. 48 മണിക്കൂറിനുള്ളില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കോവിഡ് ചികിത്സ അവസാനിപ്പിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകരെ തളര്‍ത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെജിഎംഒഎയും ആവശ്യപ്പെട്ടിട്ടുണ്ട്. കെജിഎംസിടിഎയുടെ പ്രതിഷേധങ്ങള്‍ക്ക് കെജിഎംഒഎ പിന്തുണയും പ്രഖ്യാപിച്ചു.
അതേസമയം രോഗിയുടെ പരിചരണത്തിന് ജീവനക്കാര്‍ ഇല്ലെങ്കില്‍ അത് എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ല എന്ന ചോദ്യമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കുടുംബാംഗങ്ങള്‍ ഫോണില്‍ വിളിക്കുമ്ബോള്‍ എല്ലാം പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ചുളള ഫോണ്‍ സംഭാഷണങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടു. പുഴുവരിച്ച നിലയില്‍ കഴിഞ്ഞ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാര്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യമാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. പുഴുവരിച്ച നിലയില്‍ ആശുപത്രിയില്‍ നിന്നെത്തിയ അനില്‍കുമാര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോഴും.