തിരുവനന്തപുരം:കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം നിശ്ചയിച്ച പിഴത്തുക കുറക്കാന്‍ തീരുമാനം.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴകള്‍ ആയിരത്തില്‍ നിന്ന് അഞ്ഞൂറായി കുറച്ചു. അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് 1500 രൂപയാണ് ആദ്യ പിഴ. പിഴത്തുക സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം.അതേസമയം മദ്യപിച്ച് വാഹനമോടിക്കൽ, 18 വയസിൽ താഴെയുള്ളവർ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതര ലംഘനങ്ങളിൽ പിഴ കുറച്ചിട്ടില്ല.മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപയാണ് പിഴ. ഇത് തുടരും . 18 വയസിന് താഴെയുള്ളവർ വാഹനമോടിച്ചാല്‍ 25000 രൂപയാണ് പിഴ.അമിത ഭാരം കയറ്റിയാലുള്ള പിഴ ഇരുപതിനായിരത്തില്‍നിന്ന് പതിനായിരമാക്കി കുറച്ചു. ഇൻഡിക്കേറ്റർ ഇടാതിരിക്കൽ പോലുള്ള ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങള്‍ക്ക് പിഴ 500 രൂപയില്‍നിന്ന് 250 ആക്കിയും കുറച്ചു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 2000 ആക്കി കുറച്ചു. 5000 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പിഴ.അമിത വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് പിഴ 3000ത്തിൽ നിന്ന് 1500 രൂപയായി കുറച്ചു.32 വകുപ്പുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും പകുതിയായി കുറച്ചിട്ടുണ്ട്. ചില ഇനങ്ങളിൽ ആദ്യ തവണ മാത്രമാണ് ഇളവ്. തെറ്റ് ആർത്തിച്ചാൽ ഇളവ് ഉണ്ടാകില്ല.