തിരുവനന്തപുരം:തൊഴിൽമേഖലയിലെ അനാരോഗ്യ പ്രവണതകൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനായി പുതിയ തൊഴിൽ നയത്തിന് മന്ത്രിസഭായോഗം അനുമതി നൽകി.പുതിയ തൊഴിൽ നയം നിലവിൽ വരുന്നതോടെ തൊഴിൽമേഖലയിൽ എല്ലാ അനാരോഗ്യ പ്രവണതകളും അവസാനിക്കുമെന്ന് തൊഴിൽമന്ത്രി ടി.പി രാമകൃഷ്ണൻ അറിയിച്ചു. ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങിയാൽ കർശന നടപടികൾ സ്വീകരിക്കും.ഗാർഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബർ ബാങ്ക് രൂപീകരിക്കും. തൊഴിൽ തർക്കങ്ങൾ ഒഴിവാക്കുന്നതിനായി തൊഴിലാളി-തൊഴിലുടമ ബന്ധം ഉറപ്പാക്കും. കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ തൊഴിൽ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടും. സ്ത്രീ തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും സുരക്ഷയും ഉറപ്പാക്കും.സ്കൂൾ പാചക തൊഴിലാളികൾക്ക് ജോലിസ്ഥിരതയും കുറഞ്ഞ കൂലിയും ഉറപ്പാക്കും.ഇതരസംസ്ഥാന തൊഴിലാളികൾക്കും ജോലിസ്ഥിരതയും കുറഞ്ഞ കൂലിയും ഉറപ്പാക്കും.ഒരു തൊഴിലാളിയെങ്കിലും ഉള്ള സ്ഥാപങ്ങളിൽ നാല് ദേശീയ അവധികൾ ബാധകമാകും.ഇവർക്ക് പൊതുതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് അവധിയും നൽകണം. തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ ഇരിപ്പിടം ഉറപ്പാക്കുകയും ചെയ്യും.എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ സർക്കാർ,അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ കണക്കെടുക്കാനും തീരുമാനിച്ചു.നഴ്സുമാരുടെ ശമ്പള വർധനവിൽ നിന്നും പിന്നോട്ടില്ലെന്നും പുതുക്കിയ ശമ്പളം നല്കാൻ മാനേജ്മെന്റുകൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.