
പെരിങ്ങത്തൂർ:പാനൂർ പെരിങ്ങത്തൂരിൽ ചൊവ്വാഴ്ച രാവിലെ ബസ് പുഴയിൽ വീണുണ്ടായ അപകടത്തിൽ മരിച്ച പ്രേമലതയുടെയും മകൻ പ്രജിത്തിന്റെയും മൃതദേഹങ്ങൾ സംസ്ക്കരിച്ചു.വൈകുന്നേരം നാലുമണിയോടെ ചൊക്ലി കാഞ്ഞിരത്തിൻകീഴിൽ പൊതുദർശനത്തിനു വെച്ച ശേഷം തറവാട്ട് വീട്ടുവളപ്പിൽ സംസ്ക്കരിക്കുകയായിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തെ ഒട്ടേറെ പ്രമുഖർ സംസ്ക്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.പയ്യന്നൂരിലെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽ നിന്നും മേനപ്രത്തേക്ക് പുറപ്പെട്ടതായിരുന്നു അമ്മയും മകനും.വീട്ടിലെത്താൻ മൂന്നു കിലോമീറ്റർ മാത്രം ബാക്കിയിരിക്കെയാണ് മരണം ഇവരെ തട്ടിയെടുത്തത്. അപകടത്തിൽ മരിച്ച ബസ് ജീവനക്കാരൻ കതിരൂർ സ്വദേശി ജിതേഷിന്റെ മൃതദേഹവും വൻ ജനാവലിയുടെ സാനിധ്യത്തിൽ ഇന്നലെ സംസ്ക്കരിച്ചു.നിർമാണം നടന്നുകൊണ്ടിരിക്കുന്ന ജിതേഷിന്റെ പുതിയ വീടിനു സമീപത്തായാണ് സംസ്ക്കാരം നടത്തിയത്.