
കൊച്ചി:ടിപ്പർ ലോറിക്കും ട്രെയിലറിനുമിടയിൽ കുടുങ്ങി ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു.ഇന്നലെ ഉച്ചയോടെ തൃപ്പുണിത്തുറ എസ് എൻ കവലയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.ഇരുമ്പനം ചിത്രപ്പുഴ ചിത്രാഞ്ജലി ഭാഗത്ത് കുതിരവട്ടത്ത് ബൈജു(41),ഭാര്യ സൗമ്യ(33) എന്നിവരാണ് മരിച്ചത്.സിഗ്‌നൽ കാത്തു കിടന്ന ഇവർ സിഗ്നൽ കിട്ടിയതിനെ തുടർന്ന് ബൈക്ക് മുന്നോട്ടെടുത്തപ്പോൾ തൊട്ടുപിറകിലുണ്ടായിരുന്ന ട്രെയിലർ ലോറി ഇവരുടെ ബൈക്കിനു പുറകിൽ ഇടിച്ചു.ഇതിനിടെ ബൈക്കിനു തൊട്ടു മുൻപിൽ ഉണ്ടായിരുന്ന ടിപ്പർ ലോറി ബ്രെയ്ക്ക് ചെയ്തു.ഇതോടെ ബൈക്കിലുണ്ടായിരുന്ന ദമ്പതികൾ രണ്ടു ലോറികൾക്കുമിടയിൽ കുടുങ്ങിപ്പോയി.ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.ഇതിനിടെ അപകടം കണ്ട ഭയന്ന് മറ്റൊരു ലോറി ഡ്രൈവർക്ക് ബോധക്ഷയമുണ്ടായി.ഗ്യാസ് കയറ്റിവന്ന ഈ ലോറി സമീപത്തെ ഗുരുദേവ മന്ദിരത്തിൽ ഇടിക്കുകയും ചെയ്തു.ലോറിയിലുണ്ടായിരുന്നത് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ ആയതിനാൽ വൻ അപകടം ഒഴിവായി.മൃതദേഹം പോലീസ് പരിശോധനകൾക്ക് ശേഷം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.