മലപ്പുറം:താനൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധർ പെട്രോളൊഴിച്ചു കത്തിച്ചു.മുക്കോല ലക്ഷംവീട് കോളനിക്ക് സമീപം തലശ്ശേരി കോനാരിപ്പറമ്പിൽ മുഹമ്മദ് ബഷീറിന്റെ ബൈക്കാണ് തീവെച്ച നശിപ്പിച്ചത്.ബുധനാഴ്ച പുലർച്ചെയാണ് സംഭവം.വീടിന്റെ മുറിക്കുള്ളിലേക്ക് പുക പടർന്നതുകണ്ട് ഞെട്ടിയുണർന്ന വീട്ടുകാരാണ് ബൈക്ക് കത്തുന്നത് കണ്ടത്.വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടനെ കണ്ടെത്തണമെന്നും നാടിൻറെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ പിടികൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ താനൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. തീർത്തും സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്തുണ്ടായ ഈ സംഭവം നാട്ടുകാരിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.