കണ്ണൂർ:മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച വെളിച്ചെണ്ണ മറ്റു പേരുകളിൽ വിപണിയിൽ എത്തുന്നതായി റിപ്പോർട്ട്.വെളിച്ചെണ്ണ വിപണനത്തിനായി പുതിയ മാർഗങ്ങളാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.മറ്റ് ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളുടെ മറവിൽ വെളിച്ചെണ്ണ എത്തിച്ചു കൊടുക്കുന്നതാണ് പുതിയ തന്ത്രം.കതിരൂരിൽ നിന്നും കഴിഞ്ഞ ദിവസം ഇത്തരത്തിൽ 1500 ലിറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തത് കോള ഉൽപ്പന്നങ്ങളുടെ വിപണന കേന്ദ്രം എന്ന രീതിയിൽ പ്രവർത്തിച്ച സ്ഥാപനത്തിൽ നിന്നുമാണ്.ചെറുകിട കച്ചവടക്കാരെയും ഹോട്ടലുകാരെയുമാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിഗമനം.നാട്ടിൻപുറങ്ങളിലാണ് ഇത്തരത്തിൽ മായം ചേർന്ന വെളിച്ചെണ്ണ കൂടുതലായും വിറ്റഴിക്കുന്നത്.അതുകൊണ്ടുതന്നെ ചിപ്സുകളും മറ്റും ഉണ്ടാക്കുന്ന കടകളിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണ പരിശോധിക്കാനും ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.വ്യാജ വെളിച്ചെണ്ണ വിൽപ്പന തടയുന്നതിനായി വെളിച്ചെണ്ണ ബ്രാൻഡുകൾ രെജിസ്റ്റർ ചെയ്യാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.ഇതനുസരിക്കാത്ത വ്യപാരികളുടെ കച്ചവടം അനുവദിക്കുകയില്ല. മായം ചേർത്ത വെളിച്ചെണ്ണ വിൽക്കുന്നവരിൽ നിന്നും അഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കാനുള്ള വകുപ്പുണ്ട്.