തിരുവനന്തപുരം:വളർത്തു മുയലിനെ കശാപ്പുചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി ഭേദഗതി വരുത്തി.ഇറച്ചിക്കായി വളർത്തുന്ന മുയലുകളെ കൊല്ലാൻ അനുമതിയായി.2014 ലാണ് അതോറിറ്റി ആട്,പന്നി,കാള,പോത്ത് എന്നീ വർഗങ്ങളിൽ പെട്ടവയല്ലാതെ ഒരുമൃഗത്തെയും ഇറച്ചിക്കായി കൊല്ലാൻ പാടില്ല എന്ന ഉത്തരവിറക്കിയത്.കേരളത്തിൽ ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് മുയൽ കർഷകരെയാണ്. ആയിരക്കണക്കിന് കർഷകർ നബാർഡിൽ നിന്നും മറ്റും വായ്പ്പയെടുത്ത് മുയൽ കൃഷി നടത്തുന്നുണ്ട്.ഉത്തരവ് ഇറങ്ങിയതോടെ പല യൂണിറ്റുകളും പൂട്ടിപ്പോവുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് തിരൂരിലെ ആഷിയാന മുയൽ ഫാമിന്റെ ഉടമ ഡോ.മിഗ്ദാദ് പ്രധാനമന്ത്രിക്കും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്കും കത്തയച്ചത്.ഇന്ത്യയിൽ കശാപ്പിനായി ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത വിദേശയിനം മുയലുകളെയാണെന്നും ഇന്ത്യൻ വനങ്ങളിൽ കണ്ടുവരുന്ന വംശനാശ ഭീഷണി മുയലുകളെ അല്ല എന്നും അദ്ദേഹം അറിയിച്ചു.കർഷകരുടെ അപേക്ഷ പ്രകാരം കേരള സർക്കാരും ചില നീലക്കങ്ങൾ നടത്തി.ഇതേ തുടർന്നാണ് പുതുക്കിയ വിജ്ഞാപനത്തിൽ കശാപ്പുചെയ്യാൻ അനുമതിയുള്ള മൃഗങ്ങളുടെ പട്ടികയിൽ മുയലിനെക്കൂടി ചേർത്തത്.