മംഗളൂരു: മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളും തുടര്‍ന്നുള്ള അക്രമസംഭവങ്ങളും മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് പോലീസ്. സമരത്തിന് മുൻപും ഇടയിലുമായി മുഖം മറച്ചെത്തിയ സമരക്കാര്‍ വ്യാപകമായ ആക്രമണം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സിസിടിവി നശിപ്പിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.പ്രതിരോധത്തിന്‍റെ ഭാഗമായാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നായിരുന്നു പൊലീസ് വാദം.ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളില്‍ അക്രമികള്‍ റാവു ആന്‍ഡ് റാവു സര്‍ക്കിലില്‍ ഒത്തുചേര്‍ന്നു. ഇത് ഡിസി ഓഫീസിന് പുറത്താണ്. ഇവിടെ നിന്നാണ് മംഗളൂരു നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത്. ഈ സ്‌റ്റേഷനിലേക്കുള്ള നാല് പ്രധാന റോഡുകള്‍ ഇവര്‍ അടച്ച് കളഞ്ഞു. ഇതോടെ കൂടുതല്‍ സേനയ്ക്ക് ഇവിടേക്ക് എത്താന്‍ സാധിക്കാതെയായി. സ്‌റ്റേഷന് സമീപമുള്ള ഒരു ടെമ്ബോയ്ക്ക് സമീപം കല്ല് നിറച്ച ചാക്കുകള്‍ ഇറക്കി വെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് പിന്നീടേക്ക് റോഡിലേക്ക് കൊണ്ടുവന്നാണ് പോലീസിനെ എറിഞ്ഞത്.ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ട് പോയത്. മുഖംമൂടി ധരിച്ച അക്രമികള്‍ പോലീസിനെ കല്ലെറിയാന്‍ തുടങ്ങി. പോലീസ് ബസ് ഇവിടേക്ക് എത്താന്‍ ശ്രമം തുടങ്ങിയതോടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമികള്‍ റോഡ് ബ്ലോക്ക് ചെയ്തു. കല്ലേറ് രൂക്ഷമായതോടെ പോലീസ് ബസിന് വരാനാവാതെയായി. ഇതിനിടെ കുറച്ച് പേര്‍ ചേര്‍ന്ന് സിസിടിവി ക്യാമറകള്‍ ഓഫാക്കാന്‍ ശ്രമം തുടങ്ങി. വടി ഉപയോഗിച്ച് റെക്കോര്‍ഡിംഗ് തടയാനും ശ്രമം നടന്നു. വൈകീട്ട് 4.30നും 4.45നും ഇടയില്‍ അക്രമികള്‍ പോലീസ് സ്‌റ്റേഷനടുത്തേക്ക് എത്തി. ഇവര്‍ കല്ലേറ് ശക്തമാക്കുകയും ചെയ്തു. ഇതിനിടെ പാഴ് വസ്തുക്കളും ടയറുകളും റോഡില്‍ കൂട്ടിയിട്ട് കത്തിക്കാനും തുടങ്ങി. സമീപത്ത് തോക്കുകള്‍ വില്‍പ്പന നടത്തുന്ന കട തകര്‍ത്ത് അകത്ത് കയറാനും അക്രമികള്‍ ശ്രമിച്ചിരുന്നു.ആ സമയത്ത് വെടിക്കോപ്പുകള്‍ വരെ കടയിലുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ലോക്ക് തകര്‍ക്കാന്‍ സാധിച്ചില്ല.അക്രമികള്‍ സ്റ്റേഷന്‍ പിടിച്ചെടുക്കുമെന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു പോലീസ്. സ്‌റ്റേഷനില്‍ തോക്കുകളും ആയിരത്തലധികം വെടിയുണ്ടകളും ഉണ്ടായിരുന്നു. അക്രമികള്‍ ഒരുപക്ഷേ ഇത് പിടിച്ചെടുത്തേനെ. എന്നാല്‍ കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും പ്രശ്‌നം ശാന്തമാകാതെ വന്നപ്പോള്‍ റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിക്കുകയായിരുന്നു പോലീസ്. ഇതും അക്രമത്തെ തണുപ്പിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ വെടിവെച്ചത്. ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയവരെ പിടികൂടാനാണ് ആശുപത്രിയില്‍ കയറിയത്. അവിടെ ഒളിച്ചിരുന്നവരെ പിടികൂടാനാണ് ഡോര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്.അത്തരത്തില്‍ ഇടപെട്ടില്ലെങ്കില്‍ ചോരപ്പുഴ ഒഴുക്കാനായിരുന്നു അക്രമികളുടെ നീക്കമെന്നും പോലീസ് വിശദീകരിക്കുന്നു. പൊലീസ് വെടിവയ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്തിച്ച ഫല്‍നീറിലെ സ്വകാര്യ ആശുപത്രിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രമത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ആശുപത്രിക്കുള്ളില്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുന്നതും വാതിലുകള്‍ തകര്‍ക്കുന്നതുമെല്ലാം ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.